നാട്ടിൽപുറങ്ങളിൽ മുറിവുണങ്ങാൻ പണ്ടുകാലം മുതൽ ഉപയോഗിക്കുന്ന സസ്യമാണ് മുറികൂടി (Strobilanthes alternata). ഇല പിഴിഞ്ഞെടുത്ത നീര് നേരിട്ട് മുറിവിൽ പുരട്ടിയാൽ മുറിവുകൾ വേഗത്തിൽ സുഖപ്പെടും എന്നതാണ് മുറികൂടിയുടെ ഔഷധ ഗുണങ്ങൾ.
കാലങ്ങളോളം വിശ്വസിച്ചിരുന്നത് മുറികൂടിയുടെ ഔഷധ ഗുണങ്ങൾ പ്രവർത്തിക്കുന്നത് ലൂപ്പിയോൾ എന്ന ഘടകമാണെന്നായിരുന്നു. പക്ഷേ, ശാസ്ത്രലോകം തെളിയിച്ചതോ മറ്റൊരു കഥയാണ്. ‘ആക്ടിയോസിഡ്’ എന്ന സംയുക്തമാണ് ഇതിന് പിന്നിലെന്ന് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബോട്ടാണിക്കൽ ഗാർഡനിലെ സെന്റർ ഒഫ് എക്സലൻസ് ഫൈറ്റോ കെമിക്കൽ നാനോ ടെക്നോളജിയിലെ ഗവേഷകർ കണ്ടെത്തി. ഈ കണ്ടെത്തൽ വെറും ശാസ്ത്രീയ വിവരമായി മാത്രം നിൽക്കുന്നില്ല. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ‘ശ്രേഷ്ഠ’ പദ്ധതിയുടെ ഭാഗമായി, മുറികൂടി ഉപയോഗിച്ച് മുറിവുണങ്ങാൻ സഹായിക്കുന്ന പ്രത്യേക മെഡിക്കൽ പാഡ് വികസിപ്പിച്ചിട്ടുണ്ട്.
മുറികൂടിപ്പച്ചയിൽ വലിയ തോതിൽ കാണുന്ന ‘ആക്ടിയോസിഡ്’ സംയുക്തത്തിന് രാജ്യാന്തര വിപണിയിൽ മില്ലിഗ്രാമിന് 4500 മുതൽ 6000 രൂപ വരെയാണ് വില. മുറികൂടി, നാട്ടിൻപുറങ്ങളിലെ തോട്ടങ്ങളിലും വീട്ടുമുറ്റങ്ങളിലും സാധാരണയായി കണ്ടുവരുന്ന ഒരു ചെറു സസ്യം മാത്രമാണ്. എന്നാൽ ശാസ്ത്രീയ ഗവേഷണങ്ങളും നവീനമായ ആശയങ്ങളും ചേർന്നപ്പോൾ അത് അന്താരാഷ്ട്ര തലത്തിൽ വിലമതിക്കപ്പെടുന്ന ഒരു മെഡിക്കൽ വിഭവമായി മാറി.

