നടനും സംവിധായകനുമായ ബേസിൽ ജോസഫ് ചലച്ചിത്ര നിർമാണത്തിലേക്കും പ്രവേശിക്കുന്നു. നിർമാതാവാകുന്ന വിവരവും ‘ബേസിൽ ജോസഫ് എന്റർടൈൻമെന്റ്’ എന്ന നിർമാണ സംരംഭത്തിന്റെ പേരും ബേസിൽ സോഷ്യൽ മീഡിയയിലൂടെ പങ്കു വെച്ചു.
“മുൻപെങ്ങും ഞാൻ ശ്രമിച്ചിട്ടില്ലാത്ത ഒന്നാണ് ചലച്ചിത്ര നിർമാണം. എങ്ങനെ എന്ന് ഇനിയും തീരുമാനിച്ചിട്ടില്ല. ഞാൻ കഥകൾ കൂടുതൽ മികച്ചതായി, ശക്തമായി, പുതുമയോടുകൂടി അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നു. പുത്തൻ വഴി ഞങ്ങളെ എവിടെയെത്തിക്കും എന്ന് നോക്കട്ടെ,” എന്നും ബേസിൽ പോസ്റ്റിൽ കുറിച്ചു.
സിസ്റ്റം എഞ്ചിനീയറായിരുന്ന ബേസിലിന്റെ ആദ്യ സംവിധാന ചിത്രം കുഞ്ഞിരാമായണം ആയിരുന്നു. തുടർന്ന് ഗോദ, സൂപ്പർഹിറ്റ് സൂപ്പർഹീറോ സിനിമയായ മിന്നൽ മുരളി എന്നിവയും സംവിധാനം ചെയ്തു. അതോടൊപ്പം തന്നെ നിരവധി ചിത്രങ്ങളിൽ നടനായും മറ്റു വേഷങ്ങളിലും പ്രേക്ഷകരുടെ പ്രിയങ്കരനായി മാറി.